ചപ്പില

2019, മാർച്ച് 31, ഞായറാഴ്‌ച

മൗനമീ നൊമ്പരം..

കേശവേട്ടൻ എന്തുണ്ടെങ്കിലും മുൻകൂട്ടി പറയുമായിരുന്നു. ഉത്സവം, കല്യാണം, കുട്ടികളുടെ പാരന്റ്സ് മീറ്റിങ്ങ് - അവധിയായിരിക്കുമെന്ന് നേരത്തെ പറയാറുണ്ട്. അന്നത്തെ ദിവസം ഒരു കാരണവശാലും ലീവെടുക്കാൻ പാടില്ലെന്നാണ് എനിക്കുള്ള മൗന സന്ദേശം. അല്ലറ ചില്ലറ പ്രയാസങ്ങളും വിഷമങ്ങളും ഞങ്ങൾ പരസ്പരം പറഞ്ഞും പങ്കിട്ടും മൂന്നര വർഷത്തോളം ഒരോഫീസിൽ ജോലിയെടുത്തു. ആരോടെങ്കിലും ഒരിക്കൽ പോലും മുഖം കറുത്ത് ശബ്ദം കനപ്പിച്ച് കേശവേട്ടൻ സംസാരിക്കുന്നത് കണ്ടിട്ടേയില്ല, അങ്ങനെ ആവണമെന്ന് മനസിൽ ആഗ്രഹമുണ്ടെന്ന് ഞാനെത്ര വട്ടം അദ്ദേഹത്തോട് തന്നെ പറഞ്ഞിരിക്കുന്നു. രാവിലെ എട്ടര മണിയോടെ കേശവേട്ടൻ എന്നും ഓഫീസിൽ ഹാജർ.പ്രസന്നമായ ഒരു ദിനത്തിന്റെ തുടക്കം. ചെറു കുശലത്തിന്റെ അകമ്പടിയിൽ ഓരോരുത്തർക്കും സ്വാഗതം. പിന്നീട് ഓഫീസിനുള്ളിലെ ഏതു കാര്യത്തിലായാലും മുൻപന്തിയിൽ. രണ്ടു തവണയേ പോയിട്ടുള്ളൂ ,എങ്കിലും പുഴ അരഞ്ഞാണമിട്ട പച്ചപ്പിന്റെ നെടുംകുന്നിന്റെ പള്ളയിലെ പുതിയ വീടും ചുറ്റുവട്ടം മുഴുവനായും പരിചിതം. ഏതൊരാളെയും ഉൾക്കൊള്ളാനും സഹചാരിയാക്കാനുമുള്ള കേശവേട്ടന്റെ കർമ്മ കുശലതയുടെ ഫലം. കേശവേട്ടൻ വിളിച്ചാൽ ആരും മറുത്തു പറയില്ല. അത്രയ്ക്കുണ്ട് സ്നേഹവും കരുതലും. പോസ്റ്റാഫീസ്, ട്രഷറി, ബാങ്കുകൾ, സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്ന വനിതാ കാൻറീൻ, സ്ക്കൂൾ മതിലിന്റെ ഓരം പിടിച്ച് പോകുന്ന റോഡിലെ പതിവ് നടത്തം, മടക്കു കുട, ഓഫീസ് അറ്റന്റിന്റെ ദിനചര്യകളിൽ കേശവേട്ടന് ഒഴിവാക്കാനാവാത്ത ഇടങ്ങൾ .... അവിടങ്ങളിലെ പതിവുകാരുമൊത്തുള്ള സ്നേഹസംഭാഷണം, നാളെ കാണാമെന്ന യാത്രാമൊഴി. കേശവേട്ടൻ പോയി. ഇന്ന് രാവിലത്തെ ഗംഗാധരേട്ടന്റെ ഫോൺ കാൾ . വിശ്വസിക്കാനായില്ല. സുഖമില്ലെന്നോ മറ്റോ ആരും ഒന്നും പറയുകയുണ്ടായില്ലല്ലൊ എന്നുമോർത്തു. ഒരു വിവാഹച്ചടങ്ങിന് പോകാനിരിക്കയായിരുന്നു. രാവിലെ വീടിനടുത്ത സ്ഥലത്താണ് കുഴഞ്ഞു വീണത്. പൂടംകല്ല് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. മോർച്ചറിയിലെ തണുപ്പിൽ വെള്ളപുതച്ച് പച്ചയിൽ വരയുള്ള കുപ്പായമിട്ട് കിടക്കുന്നതാ... മുഖത്ത് ഒരു ഭാവമാറ്റവുമില്ല. ഉറങ്ങുകയോ എന്നും തോന്നിപ്പോയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജേട്ടനും അംഗങ്ങളും ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമുണ്ട് അവിടവിടെയായി കൂടി നിന്ന് ഒതുക്കത്തിൽ സംസാരിക്കുകയാണ്. കേശവേട്ടാ എന്താണ് ഇനിയും പറയേണ്ടത്, ഒടുവിൽ ഒന്നും പറയാതെ പെട്ടെന്ന് പോയ്ക്കളഞ്ഞല്ലൊ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ